ഉള്ളിലെ മാസ്റ്റർപീസ്
ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് കലകളുടെ ശേഖരം ഉൾക്കൊള്ളുന്ന തായ് വാനിലെ നാഷണൽ പാലസ് മ്യൂസിയത്തിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് ദി അറ്റ്ലാന്റിക്കിൽ എഴുത്തുകാരൻ ആർതർ സി. ബ്രൂക്ക്സ് പറയുന്നുണ്ട്. മ്യൂസിയം ഗൈഡ് ചോദിച്ചു, “ഇനിയും തുടങ്ങാനിരിക്കുന്ന ഒരു കലാസൃഷ്ടി സങ്കൽപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” ബ്രൂക്ക്സ് പറഞ്ഞു, “ഒരു ശൂന്യമായ ക്യാൻവാസ്, ഞാൻ ഊഹിക്കുന്നു.” ഗൈഡ് മറുപടി പറഞ്ഞു, “അത് കാണാൻ മറ്റൊരു വഴിയുണ്ട്: കല ഇതിനകം നിലവിലുണ്ട്, കലാകാരന്മാരുടെ ജോലി അത് വെളിപ്പെടുത്തുക മാത്രമാണ്.”
ചിലപ്പോൾ “പ്രവൃത്തി” അല്ലെങ്കിൽ “മാസ്റ്റർപീസ്” എന്ന് വിവർത്തനം ചെയ്യപ്പെടുന്ന കൈപ്പണി എന്ന പദം, ഗ്രീക്ക് പദമായ poiema യിൽ നിന്നാണ് വന്നത്, അതിൽ നിന്നാണ് നമ്മുടെ കവിത (poetry) എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് കലാസൃഷ്ടികളായും ജീവിക്കുന്ന കവിതകളായുമായിട്ടാണ്. എന്നിരുന്നാലും, നമ്മുടെ കല അവ്യക്തമായിത്തീർന്നിരിക്കുന്നു: “അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്ന നിങ്ങളെ” (വാ. 1). മ്യൂസിയം ഗൈഡിന്റെ വാക്കുകൾ വ്യാഖ്യാനിച്ചാൽ, “[നമ്മുടെ] കല ഇതിനകം അവിടെയുണ്ട്, അത് വെളിപ്പെടുത്തുന്നത് ദൈവിക കലാകാരന്റെ ജോലിയാണ്'' എന്നു വ്യക്തം. അവന്റെ മാസ്റ്റർപീസുകളായ ദൈവം നമ്മെ പുനഃസ്ഥാപിക്കുകയാണ്: “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹംനിമിത്തം നമ്മെ ജീവിപ്പിച്ചു” (വാ. 4-5).
വെല്ലുവിളികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ, ദൈവിക കലാകാരൻ പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ നമുക്ക് ആശ്വസിക്കാം: “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു്” (ഫിലിപ്പിയർ 2:13). ദൈവം തന്റെ മാസ്റ്റർപീസ് വെളിപ്പെടുത്താൻ നിങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന് അറിയുക.
ഒട്ടും സാധ്യതയില്ലാത്തത്
മിന്നുന്ന ആസ്റ്റൺ-മാർട്ടിൻസും മറ്റ് ആഡംബര സ്പോർട്സ് കാറുകളും ശരവേഗത്തിൽ പായിക്കുന്ന, സാധാരണ ജീവിതത്തിൽ കാണാത്ത ഡ്രൈവർമാരായ ചാരന്മാരെ ഹോളിവുഡ് നമുക്ക് നൽകുന്നു. എന്നാൽ മുൻ സിഐഎ മേധാവി ജോനാ മെൻഡസ് യഥാർത്ഥ കാര്യത്തിന്റെ വിപരീത ചിത്രമാണ് വരയ്ക്കുന്നത്. ഒരു ഏജന്റ് “ഒരു ചെറിയ നരച്ച മനുഷ്യൻ” ആയിരിക്കണം, അവൾ പറയുന്നു, മിന്നുന്നവനല്ല, പെട്ടെന്നു ശ്രദ്ധിക്കപ്പെടാത്തവൻ. “അവർ മറഞ്ഞിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.” ഏജന്റുമാരെപ്പോലെ പ്രത്യക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്തവരാണ് മികച്ച ഏജന്റുമാർ.
യിസ്രായേലിന്റെ രണ്ട് ചാരന്മാർ യെരീഹോയിലേക്ക് നുഴഞ്ഞുകയറിപ്പോൾ, അവരെ രാജാവിന്റെ പടയാളികളിൽ നിന്ന് മറച്ചത് രാഹാബ് ആയിരുന്നു (യോശുവ 2:4). ഒരു ചാരവനിതയായി ദൈവം നിയമിക്കാൻ സാധ്യതയില്ലാത്ത വ്യക്തിയായിരുന്നു അവൾ, കാരണം അവൾക്കെതിരെ മൂന്ന് തടസ്സങ്ങൾ ഉണ്ടായിരുന്നു: അവൾ ഒരു കനാന്യയും ഒരു സ്ത്രീയും ഒരു വേശ്യയും ആയിരുന്നു. എന്നിട്ടും രാഹാബ് യിസ്രായേല്യരുടെ ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരുന്നു: “നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു” (വാ. 11). അവൾ ദൈവത്തിന്റെ ചാരന്മാരെ മേൽക്കൂരയിൽ ചണത്തണ്ടുകൾക്കിടയിൽ ഒളിപ്പിച്ചു, അവരെ രക്ഷപ്പെടാൻ സഹായിച്ചു. അവളുടെ വിശ്വാസത്തിന് ദൈവം പ്രതിഫലം നൽകി: “രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു” (6:25).
ചിലപ്പോൾ നമ്മൾ ദൈവത്താൽ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്ന് തോന്നിയേക്കാം. ഒരുപക്ഷേ നമുക്ക് ശാരീരിക പരിമിതികളുണ്ടാകാം, നയിക്കാൻ വേണ്ടത്ര “തിളക്കം” ഇല്ലായിരിക്കാം. അല്ലെങ്കിൽ കളങ്കപ്പെട്ട ഭൂതകാലമുണ്ടായിരിക്കാം. എന്നാൽ ചരിത്രത്തിൽ നിറയുന്നത് ദൈവത്താൽ വീണ്ടെടുക്കപ്പെട്ട “പ്രത്യേകതകളില്ലാത്ത” വിശ്വാസികൾ, അവന്റെ രാജ്യത്തിനായി പ്രത്യേക ദൗത്യം ഏൽപ്പിക്കപ്പെട്ട രാഹാബിനെപ്പോലുള്ള ആളുകൾ ആണ്. ഉറപ്പുണ്ടായിരിക്കുക: നമ്മിൽ ഒട്ടും സാധ്യതയില്ലാത്തവരെക്കുറിച്ചുപോലും ദൈവിക ഉദ്ദേശ്യങ്ങൾ അവനുണ്ട്.
മാറ്റമില്ലാത്ത ദൈവം
ചാരനിറത്തിലുള്ള പശ്ചാത്തലത്തിൽ ഒരു ബൂട്ട് പതിഞ്ഞ അടയാളത്തിന്റെ ഫോട്ടോ വളരെ പ്രസിദ്ധമാണ്. 1969-ൽ ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിൻ ചന്ദ്രനിൽ അവശേഷിപ്പിച്ച കാൽപ്പാടാണിത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ ആ കാൽപ്പാടുകൾ അവിടെയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാറ്റോ വെള്ളമോ ഇല്ലാത്തിനാൽ ചന്ദ്രനിലെ യാതൊന്നും ഇല്ലാതാകില്ല, അതിനാൽ ചന്ദ്ര ഭൂപ്രകൃതിയിൽ സംഭവിക്കുന്നത് അവിടെത്തന്നെ നിലനിൽക്കും.
ദൈവത്തിന്റെ തന്നെ നിരന്തരമായ സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് അതിലും ഗംഭീരമാണ്. യാക്കോബ് എഴുതുന്നു, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോബ് 1:17). നമ്മുടെ സ്വന്തം പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അപ്പൊസ്തലൻ ഇത് പ്രതിപാദിക്കുന്നു: “നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ ... അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ” (വാ. 2). എന്തുകൊണ്ട്? കാരണം, വലിയവനും മാറ്റമില്ലാത്തവനുമായ ഒരു ദൈവം നമ്മെ സ്നേഹിക്കുന്നു!
കഷ്ടകാലങ്ങളിൽ, ദൈവത്തിന്റെ നിരന്തരമായ കരുതൽ നാം ഓർക്കേണ്ടതുണ്ട്. “നിന്റെ വിശ്വസ്തത മഹത്തരമാണ്” എന്ന മഹത്തായ സ്തുതിഗീതത്തിലെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം: “നിന്നിൽ ഗതിഭേദത്താലുള്ള ആച്ഛാദനം ഇല്ല; / നീ മാറുന്നില്ല, നിന്റെ കരുണ, അവ പരാജയപ്പെടുന്നില്ല; / നീ എങ്ങനെയായിരുന്നോ അതുപോലെ തന്നെ എന്നേക്കും ആയിരിക്കും.'' അതെ, നമ്മുടെ ദൈവം തന്റെ ശാശ്വതമായ കാൽപ്പാടുകൾ നമ്മുടെ ലോകത്തിൽ അവശേഷിപ്പിച്ചിരിക്കുന്നു. അവൻ എപ്പോഴും നമുക്കൊപ്പം ഉണ്ടാകും. അവന്റെ വിശ്വസ്തത വലുതാണ്.
ഹൃദയത്തിന്റെ സ്ഥലങ്ങൾ
ചില അവധിക്കാല നുറുങ്ങുകൾ ഇതാ: നിങ്ങൾ അടുത്ത തവണ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിസ്കോൺസിനിലുള്ള മിഡിൽടണിലൂടെ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് ദേശീയ കടുക് മ്യൂസിയം സന്ദർശിക്കാൻ താൽപ്പര്യമുണ്ടാകാം. ഒരു കടുക് തന്നെ ധാരാളമാണെന്ന് കരുതുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ലോകമെമ്പാടുമുള്ള 6,090 വ്യത്യസ്ത കടുകുകൾ ചെടികൾ ഉൾപ്പെടുന്ന ഈ സ്ഥലം അതിശയിപ്പിക്കുന്നതാണ്. ടെക്സാസിലെ മക്ലീനിൽ, കമ്പിവേലി മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം-അല്ലെങ്കിൽ വേലിയോടുള്ള അഭിനിവേശം കാരണം നിങ്ങൾ കൂടുതൽ ആശ്ചര്യപ്പെട്ടേക്കാം.
ഏത് തരത്തിലുള്ള കാര്യങ്ങളെയാണ് പ്രാധാന്യമുള്ളതാക്കാൻ നാം തിരഞ്ഞെടുക്കുന്നതെന്ന് ഇത് പറയുന്നു. വാഴപ്പഴ മ്യൂസിയത്തിൽ ഒരു ഉച്ചതിരിഞ്ഞ സമയം ചെലവഴിക്കുന്നതിനേക്കാൾ മോശമായ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകുമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു (വ്യത്യസ്തമായി ചിന്തിക്കുന്നവരുമുണ്ട്).
തമാശ കേട്ടു നാം ചിരിക്കുമെങ്കിലും നാം സ്വന്തം മ്യൂസിയങ്ങൾ പരിപാലിക്കുന്നു എന്നു സമ്മതിച്ചേ മതിയാകൂ-നാം തന്നെ നിർമ്മിച്ച ചില വിഗ്രഹങ്ങളെ ആഘോഷിക്കുന്ന ഹൃദയത്തിന്റെ സ്ഥലങ്ങൾ നാം പരിപാലിക്കുന്നു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്’’ (പുറപ്പാട് 20:3), “അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു” (വാ. 5) എന്നിങ്ങനെ ദൈവം നമ്മോട് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നാം നമ്മുടെ സ്വന്തം ദൈവങ്ങളെ സൃഷ്ടിക്കുന്നു - ഒരുപക്ഷേ സമ്പത്തിന്റെയോ കാമത്തിന്റെയോ വിജയത്തിന്റെയോ അല്ലെങ്കിൽ നാം രഹസ്യമായി ആരാധിക്കുന്ന വിവിധ “നിധി”യുടെയോ.
ഈ ഭാഗം വായിക്കുകയും പ്രാധാന്യം ഗ്രഹിക്കാതിരിക്കുകയും ചെയ്യുക എളുപ്പമാണ്. അതേ, നാം സൃഷ്ടിക്കുന്ന പാപത്തിന്റെ മ്യൂസിയങ്ങൾക്കു നാം ദൈവത്തോടു കണക്കു പറയേണ്ടിവരും. എന്നാൽ “[അവനെ] സ്നേഹിക്കുന്നവരുടെ ആയിരം തലമുറകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും” അവൻ പറയുന്നു (വാ. 6). നമ്മുടെ “മ്യൂസിയങ്ങൾ” എത്ര നിസ്സാരമാണെന്ന് അവനറിയാം. അവനോടുള്ള നമ്മുടെ സ്നേഹത്തിൽ മാത്രമാണ് നമ്മുടെ യഥാർത്ഥ സംതൃപ്തി ഉള്ളതെന്ന് അവനറിയാം.
മുത്തശ്ശി ഗവേഷണം
എമോറി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ മുത്തശ്ശിമാരുടെ തലച്ചോറിനെക്കുറിച്ച് പഠിക്കാൻ എംആർഐ സ്കാനുകൾ ഉപയോഗിച്ചു. സ്വന്തം പേരക്കുട്ടിയുടെയും പ്രായപൂർത്തിയായ സ്വന്തം മകന്റെയും/മകളുടെയും അജ്ഞാതനായ ഒരു കുട്ടിയുടെയും ചിത്രങ്ങളോടുള്ള സഹാനുഭൂതിയുടെ പ്രതികരണങ്ങൾ അവർ അളന്നു. പ്രായപൂർത്തിയായ സ്വന്തം മക്കളോടുള്ളതിനെക്കാൾ മുത്തശ്ശിമാർക്ക് സ്വന്തം പേരക്കുട്ടിയോട് ഉയർന്ന സഹാനുഭൂതി ഉണ്ടെന്ന് പഠനം തെളിയിച്ചു. 'മനോഹരമായ ഘടകം' എന്ന് അവർ വിളിക്കുന്ന ഒന്നാണ് ഇതിന് കാരണം-അവരുടെ സ്വന്തം പേരക്കുട്ടി മുതിർന്നവരേക്കാൾ കൂടുതൽ 'ആരാധനാ' പാത്രങ്ങളാണ്.
'ശരി, അതു വ്യക്തമാണല്ലോ!' എന്ന് പറയുന്നതിന് മുമ്പ്, പഠനം നടത്തിയ ജെയിംസ് റില്ലിംഗിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം: ''അവരുടെ പേരക്കുട്ടി പുഞ്ചിരിക്കുകയാണെങ്കിൽ, [മുത്തശ്ശി] കുട്ടിയുടെ സന്തോഷം അനുഭവിക്കുന്നു. അവരുടെ പേരക്കുട്ടി കരയുകയാണെങ്കിൽ, അവർക്ക് കുട്ടിയുടെ വേദനയും വിഷമവും അനുഭവപ്പെടുന്നു.''
ഒരു പ്രവാചകൻ തന്റെ ജനത്തെ നോക്കിയിട്ട് ദൈവത്തിന്റെ വികാരങ്ങളുടെ ഒരു ''എംആർഐ ചിത്രം'' വരയ്ക്കുന്നു: ''അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും'' (സെഫന്യാവ് 3:17). ചിലർ ഇത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു, 'നീ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും, അവൻ ഉച്ചത്തിൽ പാടും.' സഹാനുഭൂതിയുള്ള ഒരു മുത്തശ്ശിയെപ്പോലെ, ദൈവം നമ്മുടെ വേദന അനുഭവിക്കുന്നു: 'അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു' (യെശയ്യാവ് 63:9), അവൻ നമ്മുടെ സന്തോഷം അനുഭവിക്കുന്നു: 'യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു' (സങ്കീർത്തനം 149:4).
നമുക്ക് നിരുത്സാഹം തോന്നുമ്പോൾ, ദൈവത്തിന് നമ്മോട് യഥാർത്ഥ വികാരങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അവൻ ഒരു നിസംഗനായ, അകലെയുള്ള ദൈവമല്ല, മറിച്ച് നമ്മെ സ്നേഹിക്കുകയും നമ്മിൽ സന്തോഷിക്കുകയും ചെയ്യുന്നവനാണ്. അവനോട് അടുക്കാനും അവന്റെ പുഞ്ചിരി അനുഭവിക്കാനും അവന്റെ ഗാനം കേൾക്കാനുമുള്ള സമയമാണിത്.
ദൈവം നമ്മോട് സംസാരിക്കുന്നു
എനിക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. പലപ്പോഴും, അത്തരം കോളുകൾ വോയ്സ്മെയിലിലേക്ക് പോകാൻ അനുവദിക്കുകയാണു ഞാൻ ചെയ്യുന്നത്. എന്നാൽ ഇത്തവണ ഞാൻ അത് എടുത്തു. വിളിച്ച അപരിചിതനായ ആൾ, ഒരു ചെറിയ ബൈബിൾ ഭാഗം പങ്കിടാൻ എനിക്ക് ഒരു മിനിറ്റ് സമയമുണ്ടോ എന്ന് വിനീതമായി ചോദിച്ചു. ദൈവം എങ്ങനെ ''അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടച്ചുനീക്കും'' എന്ന വെളിപ്പാട് 21:3-5 ഭാഗം അദ്ദേഹം ഉദ്ധരിച്ചു. തുടർന്ന് യേശുവിനെക്കുറിച്ച് സംസാരിച്ചു, അവൻ നമ്മുടെ ഉറപ്പും പ്രത്യാശയും ആയിരിക്കുന്നു. എന്റെ വ്യക്തിപരമായ രക്ഷകനായി യേശുവിനെ എനിക്കറിയാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വിളിച്ചയാളിന് എന്നോട് 'സാക്ഷിക്കുക' എന്ന ഉദ്ദേശ്യമായിരുന്നില്ല ഉണ്ടായിരുന്നത്്. പകരം, എന്നോടൊപ്പം പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പ്രോത്സാഹനവും ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
ആ വിളി എന്നെ തിരുവെഴുത്തിലെ മറ്റൊരു 'വിളി'യെ ഓർമ്മിപ്പിച്ചു - ദൈവം അർദ്ധരാത്രിയിൽ ശമൂവേലിനെ വിളിച്ചു (1 ശമൂവേൽ 3:4-10).വൃദ്ധ പുരോഹിതനായ ഏലിയാണെന്ന് കരുതി ശമൂവേൽ മൂന്നു പ്രാവശ്യം അവന്റെയടുത്തക്ക് ടിച്ചെന്നു. അവസാനമായി, ഏലിയുടെ നിർദ്ദേശപ്രകാരം, ദൈവം തന്നെ വിളിക്കുകയാണെന്ന് ശമൂവേൽ മനസ്സിലാക്കി: "അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു'' (വാക്യം 10) എന്ന് അവൻ പ്രതിവചിച്ചു. അതുപോലെ, നമ്മുടെ ദിനരാത്രങ്ങളിൽ ദൈവം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കാം. നാം 'ഫോണെടുക്കണം,' അതിനർത്ഥം അവന്റെ സാന്നിധ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയും അവന്റെ ശബ്ദം കേൾക്കുകയും ചെയ്യുക എന്നതാണ്.
തുടർന്ന് ഞാൻ മറ്റൊരു വിധത്തിൽ 'വിളിയെ'ക്കുറിച്ച് ചിന്തിച്ചു. നമ്മൾ ചിലപ്പോൾ മറ്റൊരാൾക്കുള്ള ദൈവവചനങ്ങളുടെ സന്ദേശവാഹകരായാലോ? മറ്റുള്ളവരെ സഹായിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് ഒരു സുഹൃത്തിനെ ഫോൺ ചെയ്ത് ചോദിക്കാം, ''ഇന്ന് ഞാൻ താങ്കളോടൊപ്പം പ്രാർത്ഥിക്കട്ടെ?''
തിരുവെഴുത്തിന്റെ പരിശീലനം
1800-കളുടെ അവസാനത്തിൽ, വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ഒരേ സമയം സമാനമായ വേദപഠന പദ്ധതികൾ വികസിപ്പിച്ചെടുത്തു. ആദ്യത്തേത് 1877-ൽ കാനഡയിലെ മോൺട്രിയയിൽ ആയിരുന്നു. പിന്നെ, 1898-ൽ ന്യൂയോർക്ക് സിറ്റിയിൽ മറ്റൊരു സംരംഭം ആരംഭിച്ചു. 1922 ആയപ്പോഴേക്കും, വടക്കേ അമേരിക്കയിൽ ഇതുപോലെ ഏകദേശം അയ്യായിരത്തോളം വേദപഠനപദ്ധതികൾ ഓരോ വേനൽക്കാലത്തും സജീവമായിരുന്നു.
അങ്ങനെ അവധിക്കാല ബൈബിൾ സ്കൂളിന്റെ ആദ്യകാല ചരിത്രം ആരംഭിച്ചു. യുവാക്കൾ ബൈബിൾ അറിയണം എന്ന ആഗ്രഹമായിരുന്നു ആ വി.ബി.എസ്. ഉപജ്ഞാതാക്കളെ അതിനായി ഉത്സാഹിപ്പിച്ചത് .
തന്റെ യുവ അനുയായി തിമൊഥെയൊസിനോട്, "തിരുവെഴുത്ത് ദൈവശ്വാസീയമാണ്'' എന്നും അതു നമ്മെ "സകല സൽപ്രവൃത്തിക്കും" സജ്ജരാക്കുന്നുവെന്നും (2 തിമൊ. 3:16-17) എഴുതിയപ്പോൾ പൗലൊസിന് സമാനമായ അഭിനിവേശം ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ "ബൈബിൾ വായിക്കുന്നത് നല്ലതാണ്'' എന്ന ഉദാരമായ നിർദ്ദേശം മാത്രമായിരുന്നില്ല അത്. "ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത" (വാ.7) വ്യാജ ഉപദേഷ്ടാക്കൻമാർ ഉള്ള "അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും" (വാ.1) എന്ന ഭയാനകമായ മുന്നറിയിപ്പ് നൽകികൊണ്ടാണ് പൗലൊസ് താക്കീത് നല്കിയത്. തിരുവെഴുത്തു കൊണ്ടു നാം നമ്മെത്തന്നെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം അത് നമ്മുടെ രക്ഷകന്റെ പരിജ്ഞാനത്തിൽ നമ്മെ ആഴ്ത്തി "ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ [നമ്മെ] രക്ഷയ്ക്കു ജ്ഞാനികൾ" (വാ.14) ആക്കുന്നു.
ബൈബിൾ പഠിക്കുന്നത് കുട്ടികൾക്ക് മാത്രമല്ല; മുതിർന്നവർക്കും നല്ലതാണ്. അത് വെറും വേനൽക്കാലത്തേക്കു മാത്രമല്ല; എല്ലാ ദിവസത്തേക്കും ഉള്ളതാണ്. പൗലൊസ് തിമൊഥെയൊസിന് എഴുതി, "തിരുവെഴുത്തുകളെ [നീ] ബാല്യം മുതൽ അറികയും" (വാ.14) ചെയ്തിരിക്കുന്നു. എന്നാൽ നമുക്ക് വേദപഠനം ആരംഭിക്കുവാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. നാം ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും, ബൈബിളിന്റെ പരിജ്ഞാനം നമ്മെ യേശുവിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയാണ്.
യേശുവിനെ കാണുന്നു
നാല് മാസം പ്രായമുള്ള ലിയോ തന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. കാഴ്ച മങ്ങിക്കുന്ന ഒരു അപൂർവ അവസ്ഥയുമായാണ് അവൻ ജനിച്ചത്. ഇടതൂർന്ന മൂടൽമഞ്ഞിൽ ജീവിക്കുന്നതുപോലെയായിരുന്നു അവന്റെ അവസ്ഥ. അതിനാൽ നേത്രരോഗവിദഗ്ദ്ധർ അവനായി ഒരു പ്രത്യേക കണ്ണട ഉണ്ടാക്കി നൽകി.
അമ്മ ആദ്യമായി പുതിയ കണ്ണട അവന്റെ കണ്ണുകളിൽ വയ്ക്കുന്നതിന്റെ വീഡിയോ ലിയോയുടെ പിതാവ് പോസ്റ്റ് ചെയ്തു. ലിയോയുടെ കണ്ണുകൾ പതുക്കെ ഫോക്കസ് ചെയ്യുന്നത് നമ്മൾ കാണുന്നു. തന്റെ അമ്മയെ ആദ്യമായി കാണുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് അമൂല്യമായിരുന്നു. ആ നിമിഷം, ചെറിയ ലിയോയ്ക്ക് അവന്റെ അമ്മയെ വ്യക്തമായി കാണാൻ കഴിഞ്ഞു.
യേശു തന്റെ ശിഷ്യന്മാരുമായി നടത്തിയ സംഭാഷണം യോഹന്നാൻ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പോസ് അവനോട് ചോദിച്ചു, "പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണമേ" (യോഹന്നാൻ 14:8). ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിട്ടും യേശുവിന്റെ ശിഷ്യന്മാർക്ക് തങ്ങളുടെ മുന്നിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൻ മറുപടി പറഞ്ഞു: ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? (വാ. 10). "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു" (വാ. 6) എന്ന് നേരത്തെ യേശു പറഞ്ഞിരുന്നു. യേശുവിന്റെ ഏഴ് "ഞാൻ ആകുന്നു" എന്ന പ്രസ്താവനകളിൽ ആറാമത്തേതാണ് ഇത്. ഈ ലെൻസുകളിലൂടെ അവനെ നോക്കാനും അവൻ യഥാർത്ഥത്തിൽ ആരാണെന്ന് - ദൈവം തന്നെ എന്ന് കാണാനും അവൻ നമ്മോട് പറയുന്നു.
നമ്മൾ ഈ ശിഷ്യന്മാരെപ്പോലെയാണ്. പ്രയാസകരമായ സമയങ്ങളിൽ, നമ്മൾ ബുദ്ധിമുട്ടുകയും നമ്മുടെ കാഴ്ച മങ്ങുകയും ചെയ്യുന്നു. ദൈവം ചെയ്തതും ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നാം പരാജയപ്പെടുന്നു. ചെറിയ ലിയോ പ്രത്യേക കണ്ണട ധരിച്ചപ്പോൾ, മാതാപിതാക്കളെ വ്യക്തമായി കണ്ടു. യേശു യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമായി കാണുന്നതിന് ഒരുപക്ഷേ നാം നമ്മുടെ ദൈവത്തിന്റെ കണ്ണട ധരിക്കേണ്ടതുണ്ട്.
നീ ആരാണ് കർത്താവേ?
ലൂയിസ് റോഡ്രിഗസ്സ് കൊക്കൈൻ വിറ്റതിന് തന്റെ പതിനാറാം വയസ്സിൽ ജയിലിൽ കിടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൊലപാതകശ്രമത്തിന് അറസ്റ്റിലായി, അയാൾ വീണ്ടും ജയിലിലായി-ജീവപര്യന്തമാണ്. എന്നാൽ ദൈവം അവന്റെ കുറ്റബോധസാഹചര്യത്തിൽ അവനോടു സംസാരിച്ചു. താൻ ഒരു കുട്ടി ആയിരിക്കുമ്പോൾ അവന്റെ 'അമ്മ അവനെ ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇരുമ്പഴികൾക്ക് പിന്നിലിരുന്ന് അവൻ ഓർത്തു. ദൈവം അവന്റെ ഹൃദയത്തോട് മല്ലിടുന്നതായി അവനു അനുഭവപ്പെട്ടു. ലൂയിസ് ക്രമേണ തന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുകയും യേശുവിങ്കലേക്കു വരുകയും ചെയ്തു.
അപ്പോസ്തലപ്രവൃത്തികളുടെ പുസ്തകത്തിൽ, പൗലോസ് എന്നു വിളിക്കപ്പെടുന്ന ശൗൽ എന്ന തീക്ഷ്ണതയുള്ള ഒരു യഹൂദനെ നാം കണ്ടുമുട്ടുന്നു. യേശുവിലുള്ള വിശ്വാസികൾക്ക് നേരെയുള്ള കടുത്ത ആക്രമണത്തിൽ അവൻ കുറ്റക്കാരനാണ്, അവന്റെ ഹൃദയത്തിൽ കൊലപാതകം ഉണ്ടായിരുന്നു(പ്രവൃത്തികൾ 9:1). അവൻ ഒരുതരം ഗുണ്ടാനേതാവായിരുന്നുവെന്നും സ്തെഫാനോസിനെ വധിച്ച ആൾക്കൂട്ടത്തിന്റെ ഭാഗമാണെന്നും തെളിവുകളുണ്ട് (7:58). എന്നാൽ ദൈവം അക്ഷരാർത്ഥത്തിൽ - ശൗലിന്റെ കുറ്റകരമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ശൗൽ ദമാസ്കസിലേക്ക് പോകുന്ന തെരുവിൽവെച്ച് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി, യേശു അവനോട്: “നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. (9:4). “നീ ആരാകുന്നു, കർത്താവേ?” എന്ന് ശൗൽ ചോദിച്ചതിന് അവനോട്; “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ: എന്ന് അവൻ പറഞ്ഞു (വാ. 5), അത് ശൗലിന്റെ ജീവിതത്തിന്റെ പുതിയ തുടക്കമായിരുന്നു. അവൻ യേശുവിന്റെ അടുക്കൽ വന്നു.
സമയമെടുത്തെങ്കിലും ലൂയിസ് റോഡ്രിഗസ്സിനു ഒടുവിൽ പരോൾ ലഭിച്ചു. അതിനുശേഷം, അദ്ദേഹം ദൈവത്തെ സേവിച്ചു, യുണൈറ്റഡ് സ്റ്റേറ്റ്സിലും മധ്യ അമേരിക്കയിലും ജയിൽ ശുശ്രൂഷയ്ക്കായി തന്റെ ജീവിതം സമർപ്പിച്ചു.
നമ്മിൽ ഏറ്റവും മോശമായവരെ വീണ്ടെടുക്കുന്നതിൽ ദൈവം പ്രത്യേകം ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ ഹൃദയങ്ങളെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും നമ്മുടെ കുറ്റബോധം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ സംസാരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് യേശുവിന്റെ അടുക്കൽ വരാനുള്ള സമയമാണിത്.
ജീവിതത്തിന്റെ അർത്ഥം
അർജന്റീനിയൻ എഴുത്തുകാരനായ ജോർജ് ലൂയിസ് ബോർഗസിന്റെ ഒരു ചെറുകഥ, “മരണത്തിൽ നിന്നു മനുഷ്യരെ ശുദ്ധീകരിക്കുന്ന ഒരു രഹസ്യ നദിയിൽ’’ നിന്ന് കുടിക്കുന്ന ഒരു റോമൻ പട്ടാളക്കാരനായ മാർക്കസ് രൂഫസിനെക്കുറിച്ച് പറയുന്നു. എന്നിരുന്നാലും, കാലക്രമേണ, അമർത്യതയെ മാത്രമല്ല അത് തകർത്തതെന്ന് മാർക്കസ് മനസ്സിലാക്കുന്നു - പരിധികളില്ലാത്ത ജീവിതം പ്രാധാന്യമില്ലാത്ത ജീവിതവുമായിരുന്നു. സത്യത്തിൽ മരണം തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. മാർക്കസ് ഒരു മറുമരുന്ന് കണ്ടെത്തുന്നു - ശുദ്ധജലത്തിന്റെ ഒരു നീരുറവ. അതിൽ നിന്ന് കുടിച്ച ശേഷം, അവൻ ഒരു മുള്ളിൽ കൈ ഉരസുന്നു, അവന്റെ പുനഃസ്ഥാപിക്കപ്പെട്ട മരണത്തെ സൂചിപ്പിക്കുന്ന ഒരു തുള്ളി രക്തം പൊടിയുന്നു.
മാർക്കസിനെപ്പോലെ, ജീവിതത്തിന്റെ തകർച്ചയിലും മരണത്തിന്റെ യാഥാർത്ഥ്യത്തിലും നാമും ചിലപ്പോൾ നിരാശരാണ് (സങ്കീർത്തനം 88:3). മരണം ജീവിതത്തിന് പ്രാധാന്യം നൽകുന്നുവെന്ന് നാം സമ്മതിക്കുന്നു. എന്നാൽ ഇവിടെയാണ് കഥകൾ വ്യതിചലിക്കുന്നത്. മാർക്കസിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തുന്നത് ക്രിസ്തുവിന്റെ മരണത്തിലാണെന്ന് നമുക്കറിയാം. ക്രൂശിൽ തന്റെ രക്തം ചൊരിഞ്ഞുകൊണ്ട്, ക്രിസ്തു മരണത്തെ കീഴടക്കി, അതിനെ നീക്കി വിജയം കൈവരിച്ചു (1 കൊരിന്ത്യർ 15:54). നമ്മെ സംബന്ധിച്ചിടത്തോളം മറുമരുന്ന് യേശുക്രിസ്തു എന്ന “ജീവജലം’’ ആണ്' (യോഹന്നാൻ 4:10). നാം അത് കുടിക്കുന്നതിനാൽ, ജീവിതം, മരണം, അനശ്വരമായ ജീവിതം എന്നിവയുടെ എല്ലാ നിയമങ്ങൾക്കും മാറ്റം വന്നു (1 കൊരിന്ത്യർ 15:52).
ശാരീരിക മരണത്തിൽ നിന്ന് നാം രക്ഷപ്പെടില്ല എന്നതുസത്യമാണ്, പക്ഷേ അതല്ല കാര്യം. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നമ്മുടെ എല്ലാ നിരാശയും യേശു തകിടംമറിക്കുന്നു (എബ്രായർ 2:11-15). ക്രിസ്തുവിൽ, സ്വർഗത്തെക്കുറിച്ചുള്ള പ്രത്യാശയുടെയും അവനോടൊപ്പമുള്ള നിത്യജീവിതത്തിന്റെ അർത്ഥവത്തായ സന്തോഷത്തിന്റെയും ഉറപ്പു നമുക്കു ലഭിക്കുന്നു.